Thursday, 15 August 2013







SMILE Thrithala:അറിവിനും മികവിനുമായുള്ള ഘടനാപരമായ ബഹുതല ഇടപെടലുകള്‍
തൃത്താലയ്ക്ക് നിള വെറുമൊരു നീരൊഴുക്കല്ല, മഹിതമായ ഒരു സംസ്ക്കാരത്തിന്റെ അക്ഷയ ശ്രോതസ്സാണ്. അറിവും മികവും എന്നും ഈ തീരങ്ങളുടെ സ്വന്തമായിരുന്നു.തായമ്പകയിലെ മലമല്‍ക്കാവ് ശൈലിയും കഥകളിയുടെ കൂടല്ലൂര്‍ച്ചന്തവും പഞ്ചവാദ്യത്തിന്റെ പെരിങ്ങോടന്‍ പെരുമയും ആയുര്‍വേദത്തിന്റെ മേഴത്തൂര്‍ പുണ്യവും കളരിയുടേയും ജ്ഞാനത്തിന്റേയും പൂമുള്ളിക്കരുത്തും അടിസ്ഥാനവര്‍ഗ്ഗ കലാരൂപങ്ങളുടെ വൈവിദ്ധ്യവിസ്മയവുമെല്ലാം നിളയുടെ തീരത്ത് തളിര്‍ത്ത മികവിന്റെ നേര്‍സാക്ഷ്യങ്ങളാണ്.ഐതിഹ്യങ്ങളെ കൂട്ടുപിടിച്ച് ജാതീയമായ ഉച്ചനീചത്വങ്ങളുടെ മനുഷ്യവിരുദ്ധതക്കുപോലും പ്രാമാണികത അവകാശപ്പെട്ടവരോട് പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യപ്പെരുമയിലൂടെ അതേനാണയത്തില്‍ സര്‍ഗാത്മകമായാണ് ഈ നാട് പ്രതികരിച്ചത്.കണ്ണീരിലും കിനാവിന്റെ മഴവില്ലു തീര്‍ത്ത് സാമൂഹ്യമാറ്റത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ച വി.ടി.യും നിളയുടെ സ്വപ്നധമനികളിലൂടൊഴുകി ജ്ഞാനപീഠമേറിയ എം.ടി.യും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ അക്കിത്തവും മഹാനഗരങ്ങളുടെ സ്വപ്നവേഗങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ഇ. ശ്രീധരനുമൊക്കെ തൃത്താലയുടെ മണ്ണില്‍ കുരുത്ത പ്രതിഭയുടെ വനജ്യോത്സനകളാണ്. സ്വാതന്ത്ര്യസമരത്തിലെ പെണ്‍കരുത്ത് എ.വി.കുട്ടിമാളു അമ്മയുടെയും വിപ്ലവനക്ഷത്രം ക്യാപ്റ്റന്‍ ലക്ഷ്മിയുടേയും വീരസ്മൃതികള്‍ ഹൃദയത്തിലേറ്റിയ തൃത്താല ദേശത്ത് ഐതിഹ്യവും ചരിത്രവും വര്‍ത്തമാനവും അഭിമാനത്തോടെ മുഖാമുഖം നില്‍ക്കുന്നു.
ഇനി നമുക്ക് കരുപ്പിടിപ്പിക്കാനുള്ളത് ഈ നാടിന്റെ ഭാവിയാണ്. സമഗ്രവും ഗുണനിലവാരമുള്ളതുമായ പൊതുവിദ്യാഭ്യാസത്തിലൂടെ മാത്രമേ ആ ഭാവിയെക്കുറിച്ച് നമുക്ക് സ്വപ്നം കാണാന്‍ കഴിയൂ. തൃത്താല നിയമസഭാ മണ്ഡലത്തില്‍ SMILE (Systemic Multilevel Interventions in Learning and Excellence) Thrithala എന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി ആരംഭിക്കാന്‍ നാം ലക്ഷ്യമിടുന്നത് ഈ സാഹചര്യത്തിലാണ്. പേരു സൂചിപ്പിക്കുന്നപോലെ നമ്മുടെ പൊതുവിദ്യാലയങ്ങളെ അറിവിന്റേയും മികവിന്റേയും കേന്ദ്രങ്ങളാക്കാനുതകുന്ന ഘടനാപരമായ ബഹുതല ഇടപെടലുകളാണ് ഈ പദ്ധതിയിലൂടെ നാം ലക്ഷ്യമാക്കുന്നത്.ശാരീരികവും മാനസികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസമെന്ന ഗാന്ധിയന്‍ ദര്‍ശനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ പദ്ധതി. വിദ്യാഭ്യാസത്തെ സര്‍ഗ്ഗാത്മകവും സത്സമൂഹനിര്‍മ്മിതിയ്ക്ക് ഉതകുന്നതുമാക്കി മാറ്റാന്‍ നാമാഗ്രഹിക്കുന്നു. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളള്‍ മെച്ചപ്പെടുത്തിയതുകൊണ്ടുമാത്രം ഈ ലക്ഷ്യം നേടാനാവില്ല. കുട്ടികള്‍ക്ക് ലഭിക്കുന്ന പോഷകാഹാരം, കലാ കായിക പഠനം, ആരോഗ്യ പരിപാലനം എന്നിവ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. ശിശു കേന്ദ്രിതമായ ഒരു ബോധനരീതി നാം സ്വീകരിച്ചിട്ടുണ്ടെങ്കിലും അതിനനുസരിച്ച് ശിശുസൗഹൃദപരമായ ക്ലാസ് മുറികള്‍ ഇന്നും നമുക്കന്യമാണ്. ലൈബ്രറി, ലാബ്, .ടി പഠനം എന്നീ മേഖലകളിലും പുതിയ കാലത്തിനൊത്ത നിലവാരം നമുക്കാര്‍ജ്ജിച്ചേ മതിയാവൂ. പ്രീ പ്രൈമറി വിദ്യാഭ്യാസം, പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, അതുല്യ പ്രതിഭകള്‍ക്കുള്ള അവസരമൊരുക്കല്‍, തൊഴില്‍ പരിശീലനം, പരിസ്ഥിതി സംരക്ഷണം എന്നിവയൊക്കെ ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക ഇടപെടലുകള്‍ക്കായി നാം തെരഞ്ഞെടുത്തിരിക്കുകയാണ്. പൊതുസമൂഹവും രക്ഷാകര്‍തൃസമൂഹവുമായി വിദ്യാലയങ്ങള്‍ക്കുണ്ടാവേണ്ട ജൈവ ബന്ധം കൂടുതല്‍ ശക്തമാക്കിക്കൊണ്ടുമാത്രമേ ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുകയുള്ളൂ. അതിനൊക്കെ വേണ്ടിയാണ് ‘സ്മൈല്‍ തൃത്താല’
സ്വപ്നങ്ങള്‍ കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രമുള്ളതല്ല, യാഥാര്‍ത്ഥ്യമാക്കാന്‍ കൂടിയുള്ളതാണ്.ജാതി, മത, കക്ഷിരാഷ്ട്രീയ സങ്കുചിതത്ത്വങ്ങള്‍ മാറ്റിവെച്ച് അനിവാര്യമായ ആ യാഥാര്‍ത്ഥ്യത്തിനായി നമുക്ക് ഒരുമിക്കാം. ഓരോ കുരുന്നുമുഖങ്ങളിലും വിരിയുന്ന പുഞ്ചിരിക്കായി കാത്തിരിക്കാം.


No comments:

Post a Comment